സാമൂഹിക-സാംസ്കാരിക ചരിത്രം
വിദേശ വസ്ത്ര ബഹിഷ്കരണമടക്കമുള്ള സമരങ്ങള്‍ ചെറുരൂപത്തിലെങ്കിലും ഈ പഞ്ചായത്തിലും നടന്നിട്ടുണ്ട്. വടക്കേക്കാട് മണികണ്ഠേശ്വര ക്ഷേത്രപരിസരത്തുവെച്ച് പതിനഞ്ചോളമാളുകള്‍ വിദേശനിര്‍മ്മിതവസ്ത്രങ്ങള്‍ ചുട്ടെരിക്കുകയുണ്ടായി. സമരക്കാര്‍ വീടുകളില്‍ കയറിയിറങ്ങി വസ്ത്രം ശേഖരിച്ചാണ് ആ സമരം നടത്തിയത്. ഈ സമരരീതി വഴി ദേശീയസമരത്തിന്റെ സന്ദേശം ചെറുതായെങ്കിലും ഈ പ്രദേശത്തെ ആളുകളിലുമെത്തി. വടക്കേക്കാട് പഞ്ചായത്തില്‍ ചലനമുണ്ടാക്കിയ മറ്റൊരു സമരം 1931-ലെ ഗുരുവായൂര്‍ സത്യാഗ്രഹമായിരുന്നു. മഹാകവി വള്ളത്തോളിന്റെ ഇവിടുത്തെ പത്നീഗൃഹത്തില്‍ വെച്ച് പന്തിഭോജനവും നടന്നിരുന്നു. 1930-കള്‍ ഭാരതത്തിലും കേരളത്തിലും പൊതുവെ പ്രക്ഷോഭങ്ങളുടെ കാലമായിരുന്നു. സ്വാതന്ത്ര്യയാശയത്തില്‍ വിശ്വസിച്ചിരുന്ന ഏതാനും വ്യക്തികള്‍ മാത്രമേ ഈ പ്രദേശത്തുനിന്ന് പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്നുള്ളൂ. സ്വാതന്ത്ര്യസമരസേനാനികളെ നാട്ടിലെ കൂളസംഘമെന്നു വിശേഷിപ്പിച്ചിരുന്ന കാലത്താണ് യുവാക്കള്‍ വടക്കേക്കാട് നിന്ന് പയ്യന്നൂരില്‍ പോയി ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചത്. ഗാന്ധിജിയായിരുന്നു അക്കാലത്ത് അവരുടെ കര്‍മ്മോര്‍ജ്ജത്തിന്റെ പ്രചോദനം. സ്വാതന്ത്ര്യസമരത്തോട് ഇഴചേര്‍ന്നു സാമൂഹിക പരിഷ്കരണശ്രമങ്ങളുടെ ഒരു ധാരയും ഇവിടെയുണ്ടായിരുന്നു. ഭൂദാനം, ശ്രമദാനം എന്നൊന്നും കേട്ടറിവുപോലുമില്ലാതിരുന്ന കാലത്താണ് ജനങ്ങളുടെ സംഘബോധത്തിലൂന്നിയ പ്രവര്‍ത്തനഫലമായി വടക്കേക്കാട് ഒരു റോഡുവെട്ടുന്നത്. അഞ്ഞൂരില്‍ വെട്ടിനിര്‍ത്തിയിരുന്ന റോഡ് രണ്ടാഴ്ച കൊണ്ട് അന്നത്തെ വടക്കേക്കാട് പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിവരെ എത്തിച്ചു. ഈ പ്രദേശത്ത് സംഘടിതമായി നടന്ന ആദ്യത്തെ ഉദ്യമമായിരുന്നു അത്. വടക്കേക്കാട് ജനിച്ച് ഐ.എന്‍.എ യുടെ നേതൃത്വനിര വരെയെത്തിയ അഗതിമുഹമ്മദ് എന്ന എ.മുഹമ്മദ് ഈ നാടിന് എന്നും പ്രചോദനമായിരുന്നു. ദേശസ്നേഹത്തെ മലയാളഭാഷയില്‍ ജ്വലിപ്പിച്ച മഹാകവി വള്ളത്തോളിന്റെ കാവ്യസങ്കല്‍പങ്ങളുടെ ഭൂമികയാകാനും വടക്കേക്കാടിന് കഴിഞ്ഞിട്ടുണ്ട്. വിശ്രുത മതപണ്ഡിതനായിരുന്ന ഞമനേങ്ങാട് ഏനുകുട്ടി മുസ്ലിയാര്‍, തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ മദ്ദളത്തിന്റെ പ്രമാണക്കാരനായിരുന്ന മദ്ദളംമാധവന്‍നായര്‍ തുടങ്ങിയവര്‍ വടക്കേക്കാടിന്റെ ഖ്യാതി നാടെങ്ങും എത്തിച്ചവരായിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനഫലമായി 1937-ല്‍ രാജാജിയുടെ മന്ത്രിസഭ കര്‍ഷകര്‍ക്കനുകൂലമായി ഒരു ബില്ലുകൊണ്ടുവന്നു. ഒരുകാലത്ത് വൃഥാ വേലചെയ്യുന്നവരെന്ന് ആളുകള്‍ കരുതിയിരുന്ന ദേശീയപ്രസ്ഥാനക്കാര്‍ക്ക് ചില സ്വാധീനങ്ങളൊക്കെയുണ്ടെന്ന് ഈ ഗ്രാമത്തിലെ ആളുകള്‍ തിരിച്ചറിഞ്ഞത് ഈ സംഭവത്തോടെയാണ്. ദേശീയ പ്രസ്ഥാനത്തോട് ചിലര്‍ക്കെങ്കിലും പുതിയൊരു മമതയുണ്ടായി. കര്‍ഷക സമ്മേളനത്തോടനുബന്ധിച്ച് കുരഞ്ഞിയൂരില്‍ അവതരിപ്പിച്ച കെ.ദാമോദരന്റെ പാട്ടബാക്കി നാടകത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നത് വൈലത്തൂരിലെ കടലായിമനയിലായിരുന്നു. രാംമനോഹര്‍ ലോഹ്യയുടേയും ജയപ്രകാശ് നാരായണിന്റെയും രാഷ്ട്രീയവീക്ഷണത്തിന് ഈ പഞ്ചായത്തില്‍നിന്നും അനുയായികളുണ്ടായിട്ടുണ്ട്. അങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒട്ടെല്ലാ പ്രതിഫലനങ്ങളും ഈ പഞ്ചായത്തിനെയും തൊട്ടുപോയി എന്നു പറയാം. വടക്കേക്കാട് പഞ്ചായത്ത് ഒരു തികഞ്ഞ കാര്‍ഷികമേഖലയാണ്. കിഴക്കേ അതിര്‍ത്തിയില്‍ പുഞ്ചയും മറ്റിടങ്ങളില്‍ നഞ്ചയും കൃഷിചെയ്തു വരുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ വിശാലമായ കുട്ടാടന്‍ പാടവും ഉണ്ട്. പിന്നെ പ്രധാനമായത് തെങ്ങാണ്. നാണ്യവിളകള്‍ ഇല്ലെന്നുതന്നെപറയാം. പഴയകാലത്ത് പാട്ടക്കൃഷി സമ്പ്രദായമായിരുന്നു നിലവിലുണ്ടായിരുന്നത്. കര്‍ഷകത്തൊഴിലാളികള്‍ അധികവും പിന്നോക്കവിഭാഗത്തില്‍പ്പെടുന്നവരായിരുന്നു. കന്നുപൂട്ടല്‍, വിതയ്ക്കല്‍, നടീല്‍, കളപറിക്കല്‍, കൊയ്യല്‍, മെതിക്കല്‍ തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും മനുഷ്യപ്രയത്നമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. രാസവളപ്രയോഗം തീരെ ഇല്ലായിരുന്നു. തോലും ചാണകവുമായിരുന്നു പ്രധാന വളം. ഭൂപരിഷ്ക്കരണനിയമം വന്നതോടെ എല്ലാവര്‍ക്കും 10 സെന്റ് ഭൂമിയെങ്കിലും ലഭിക്കുന്നതിന് ഇടവന്നിട്ടുണ്ട്. തെങ്ങുകയറ്റവും ഓലമെടയലും ആണ് ഈ മേഖലയിലെ പ്രധാന പരമ്പരാഗതതൊഴിലുകള്‍. മുമ്പൊക്കെ ആവശ്യമായ പച്ചക്കറികള്‍ ഇവിടെതന്നെ കൃഷി ചെയ്തുപോന്നിരുന്നു. ചേമ്പ്, ചേന, കൂര്‍ക്ക, കാവത്ത്, മറ്റു കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വെള്ളരി, മത്തന്‍, കുമ്പളം, പടവലം, കൈപ്പ, ചക്കരമത്ത, വെണ്ട, വഴുതന, അമര, പയര്‍ എന്നിവയായിരുന്നു അവയില്‍ പ്രധാനമായവ. ഒരു കാലഘട്ടത്തില്‍ കൊള്ളിക്കിഴങ്ങും ചക്കരക്കിഴങ്ങും ഇവിടെ വ്യാപകമായി കൃഷിചെയ്തിരുന്നു. ഏകദേശം 407 ഹെക്ടര്‍ വരുന്ന നെല്‍പ്പാടങ്ങളില്‍ ഇരൂപ്പൂവും ഒരുപ്പൂവും കൃഷി ചെയ്തിരുന്നു. നാടന്‍സമ്പ്രദായത്തിലുള്ള കൃഷിയ്ക്ക് വട്ടന്‍, ചീര, കുട്ടാടന്‍, ആര്യന്‍, തവളക്കണ്ണന്‍, ചിറ്റ്യേനി, കൊടിയന്‍ മുതലായ വിത്തിനങ്ങളാണ് ഉപയോഗിച്ചിരുന്നത്. കുട്ടാടന്‍, കൊടിയന്‍, ആര്യന്‍ എന്നിവ ദീര്‍ഘകാലവിളകളും മറ്റു വിത്തുകള്‍ മധ്യകാലവിളകളുമാണ്. വളമായി ചാണകം, വെണ്ണീറ്, പച്ചില മുതലായവയാണ് ഉപയോഗിച്ചിരുന്നത്. നിലം ഉഴുതു മറിച്ചിരുന്നത് കന്നുകാലികളെ ഉപയോഗിച്ചായിരുന്നു. പുരയിടങ്ങളില്‍ പ്രധാനമായും തെങ്ങുകൃഷിയും, ഇടവിളയായി വാഴയും, ചുരുക്കം ചില പ്രദേശങ്ങളില്‍ കവുങ്ങും, ഒട്ടുമിക്കപ്രദേശങ്ങളിലും പലയിനം മാവുകളും വ്യാപകമായുണ്ടായിരുന്നു. 1970-കളോടെ കൃഷിയില്‍ ജനങ്ങളുടെ താല്‍പര്യം കുറഞ്ഞുതുടങ്ങി. കൃഷി ആദായകരമല്ലാതായിത്തീര്‍ന്നതും പുറംനാടുകളില്‍ തൊഴില്‍സാധ്യതകള്‍ തുറന്നുകിട്ടിയതും ജീവിതസാഹചര്യങ്ങളില്‍ വന്നുചേര്‍ന്ന മാറ്റങ്ങളും കൃഷിയിലുള്ള ജനങ്ങളുടെ താല്‍പര്യം കുറയാന്‍ ഇടയാക്കിയ കാരണങ്ങളാണ്. എഴുപതുകളുടെ അവസാനമായപ്പോഴേക്കും പച്ചക്കറികൃഷി നാമാവശേഷമായി.
വികസനരേഖകളുടെ ചരിത്രം
പഴയകാല വിദ്യാകേന്ദ്രങ്ങളായിരുന്ന ആശാന്‍കളരികളിലൂടെ കുട്ടികള്‍ക്ക് വിദ്യ പകര്‍ന്നുനല്‍കിയവരായിരുന്നു ലോനപ്പനാശാന്‍, കേളപ്പനാശാന്‍ തുടങ്ങിയ എഴുത്താശ്ശാന്‍മാര്‍. അവരുടെ എഴുത്തുപള്ളികളില്‍ നിന്നും നിലത്തെഴുത്തിലൂടെ അക്ഷരം പഠിച്ചു വളര്‍ന്ന ഒരു ജനസമൂഹം ഇന്ന് ഒരു പഴങ്കഥ മാത്രം. 20-ാം നൂറ്റാണ്ടിനു മുമ്പ് സ്ഥാപിതമായ രണ്ടു വിദ്യാലയങ്ങള്‍ ഇന്നും നിലവിലുണ്ട്. ഇന്നത്തെ ആറ്റുപുറം സെന്റ് ആന്റണീസ് സ്കൂളും, കല്ലൂര്‍ സെന്റ് ജോസഫ്സ് എല്‍.പി.സ്ക്കൂളും. ഇതില്‍ പഴക്കമേറെയുള്ളത് വൈലത്തൂര്‍ പള്ളിയുടെ കീഴില്‍ കുര്യാക്കോസച്ചന്റെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന സ്ക്കൂളിനാണ്. 1928-ല്‍ ഇന്നുള്ള സ്ഥലത്തേക്ക് മാറി കല്ലൂര്‍ സെന്റ് ജോസഫ് എല്‍.പി.സ്കൂളായി പ്രവര്‍ത്തിച്ചുവരുന്നു. മുള്ളൂരയില്‍ അഹമ്മദ് വൈദ്യര്‍, മണലിപ്പറമ്പില്‍ വേലുവൈദ്യര്‍, മുള്ളൂരയില്‍ ഏനുകുട്ടിവൈദ്യര്‍, കണ്ടംപുളളി കൃഷ്ണന്‍വൈദ്യര്‍, എന്‍.ടി.രാമന്‍വൈദ്യര്‍, വടക്കേപുരക്കല്‍ അപ്പുവൈദ്യര്‍, വടക്കേപുരക്കല്‍ ഗോവിന്ദന്‍വൈദ്യന്‍ തുടങ്ങിയ പ്രഗത്ഭമതികള്‍ നാടന്‍ചികിത്സാരംഗത്തെ സമര്‍ത്ഥരായിരുന്നു. വീടുകളിലെ വിശാലമായ വളപ്പുകളില്‍ ആയുര്‍വ്വേദമരുന്നുകളും സുലഭമായിരുന്നു. ഒടിവ്, ചതവ് തുടങ്ങിയ പരിക്കുകള്‍ക്ക് കളരിയാശാന്‍മാരോ അവരുടെ ശിഷ്യഗണങ്ങളോ ചികിത്സനടത്തിയിരുന്നു. പ്രസവസംബന്ധമായ കാര്യങ്ങളില്‍ ആയമാരും പതിച്ചികളും ഒരളവുവരെ വിജയിച്ചിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ ഇതായിരുന്നു സ്ഥിതി. പതുക്കെ പതുക്കെ അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കുന്ന സമ്പ്രദായം നിലവില്‍ വന്നുതുടങ്ങിയെങ്കിലും അതിനുള്ള സൌകര്യങ്ങള്‍ പരിമിതമായിരുന്നു. ചാവക്കാട്, പൊന്നാനി, കുന്നംകുളം എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ഇംഗ്ലീഷ് ചികിത്സാസമ്പ്രദായത്തിലുള്ള ശുശ്രൂഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത്. ഗതാഗതസൌകര്യത്തിന്റെ അപര്യാപ്തത, ഈ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ തടസ്സമായിരുന്നു. ചാവക്കാട്ടെയും പൊന്നാനിയിലേയും ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകാന്‍ കനോലികനാല്‍ മാത്രമായിരുന്നു ഏകയാശ്രയം. കുന്നംകുളത്തേക്കു കാല്‍നടയോ, മഞ്ചലോ വേണ്ടിയിരുന്നു. ആയുര്‍വ്വേദത്തിനു മെരുങ്ങാത്തതും സത്വരചികിത്സ വേണ്ടതുമായ മാരകരോഗങ്ങള്‍ പിടിപെട്ടാല്‍ യഥാവിധി ചികില്‍സ കിട്ടാതെ പലരും മരിച്ചിരുന്നു. മതപുരോഹിതന്‍മാരെ സമീപിച്ചുകൊണ്ട് വിശ്വാസസംബന്ധമായ ചില മന്ത്രജപങ്ങളും പലരും ചെയ്തുപോന്നു. കൃഷ്ണന്‍ വൈദ്യരും അദ്ദേഹത്തിന്റെ അഞ്ചുമക്കളും, മുള്ളൂരയില്‍ അഹമ്മദ് വൈദ്യരും അദ്ദേഹത്തിന്റെ മക്കളും വൈദ്യരംഗത്ത് പ്രഗത്ഭരായിരുന്നു. ഡോ.മാധവനുണ്ണി വീടുകളില്‍ പോയി അലോപ്പതി-ആയുര്‍വ്വേദ ചികിത്സകള്‍ നടത്തിയിരുന്നു. 1952-ലാണ് ഡോ.കുമാരന്‍ പനന്തറയില്‍ ചികിത്സാകേന്ദ്രം തുടങ്ങുന്നത്. അക്കാലത്തൊക്കെ പകര്‍ച്ചവ്യാധികളായ വസൂരി, കോളറ തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിരോധകുത്തിവയ്പ് നടത്തിയിരുന്നത് ഇവിടങ്ങളിലായിരുന്നു. സര്‍ക്കാരിന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണ് കുത്തിവെപ്പു നടത്തിയിരുന്നത്. എന്നാല്‍ ഭൂരിഭാഗം ജനങ്ങളും ഇക്കാര്യത്തില്‍ ബോധവാന്‍മാരായിരുന്നില്ല. അണ്ടത്തോട് ബ്ലോക്കിന്റെ കീഴിലായി കുന്നത്തൂരില്‍ ആരംഭിച്ച പ്രൈമറി ഹെല്‍ത്തുസെന്റര്‍ 1964-ഓടുകൂടി വടക്കേക്കാട് സെന്ററില്‍ പതിനാലു കിടക്കകളോടെ പ്രവര്‍ത്തനമാരംഭിച്ചു. കുടില്‍വ്യവസായം ഒരുവിധം നന്നായി നടന്നിരുന്നതായി കാണാം. ജാതിവ്യവസ്ഥ നിലനിന്നിരുന്ന പഴയകാലത്ത് കുലത്തൊഴിലായി മുളകൊണ്ടുണ്ടാക്കുന്ന കുട്ട, മുറം, തൊട്ടില്‍ തുടങ്ങിയവ ഈ പഞ്ചായത്തില്‍ സാര്‍വ്വത്രികമായി നിര്‍മ്മിച്ചുപോന്നിരുന്നു. അതുപോലെതന്നെ സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ ജോലിചെയ്തിരുന്ന തൊഴില്‍മേഖലകളിലൊന്നായിരുന്നു എണ്ണയാട്ട്. ക്രിസ്ത്യാനികളായിരുന്നു കൂടുതലും ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. പണ്ടുകാലത്ത് ഭേദപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കുടില്‍വ്യവസായമേഖല ഇന്ന് ഏറെക്കുറെ വേരറ്റ നിലയിലാണ്. റോഡുഗതാഗതം വികസിക്കുന്നതിനുമുമ്പ് ജനങ്ങള്‍ കാല്‍നടയായാണ് യാത്ര ചെയ്തിരുന്നത്. മഴക്കാലത്ത് തോടുകളിലൂടെയുള്ള കാല്‍നടയാത്ര അരയ്ക്കൊപ്പം വെള്ളത്തിലൂടെയായിരുന്നു. അന്നാക്കെ തോടുകളും, കായലുകളും, പാടശേഖരങ്ങളും ഉപയോഗിച്ച് ജലഗതാഗതം സാധ്യമായിരുന്നു. നാടന്‍വഞ്ചികളായിരുന്നു ഇതിനുപയോഗിച്ചിരുന്നത്. രോഗികളെ കൊണ്ടുപോകാനും മറ്റു അത്യാവശ്യഘട്ടങ്ങളിലും മഞ്ചല്‍ ഉപയോഗിച്ചിരുന്നു. പ്രമുഖ പ്രമാണിമാരും മഞ്ചല്‍ ഉപയോഗിച്ചിരുന്നു. ചില സ്ഥലങ്ങളില്‍ കുതിരസവാരിയും ഉണ്ടായിരുന്നു. പുരാതനകാലത്ത് കൊച്ചി നാട്ടുരാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് തൊഴിയൂര്‍ ബിഷപ്പ് പാലസിലേക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റ് നിര്‍മ്മിച്ചുകൊടുത്ത റോഡാണ് ഈ പ്രദേശത്തെ ആദ്യത്തെ റോഡ്. വൈലത്തൂര്‍ പഞ്ചായത്തില്‍പ്പെട്ട അഞ്ഞൂര്‍ മുതല്‍ പഞ്ചായത്തിന്റെ വടക്കെ അതിര്‍ത്തിയായ നായരങ്ങാടി വരെ ശ്രമദാനം കൊണ്ട് നിര്‍മ്മിച്ച റോഡായിരുന്നു ഇവിടെയുണ്ടായ രണ്ടാമത്തെ റോഡ്.