സ്ഥാപന ചരിത്രം

തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കില്‍ ചാവക്കാട് ബ്ലോക്കിലാണ് വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വടക്കേക്കാട് വില്ലേജിന്റെ പരിധിയിലുള്‍പ്പെടുന്ന വടക്കേക്കാട് പഞ്ചായത്തിന് 13.72 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പുന്നയൂര്‍ക്കുളം പഞ്ചായത്തും, തെക്കുഭാഗത്ത് ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് ‍കുന്ദംകുളം മുനിസിപ്പാലിറ്റിയും കാട്ടകാമ്പാല്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുന്നയൂര്‍ പഞ്ചായത്തുമാണ്. വടക്കേകാടിന്റെ ഉല്‍ഭവത്തെക്കുറിച്ച് ലിഖിതരേഖകള്‍ ലഭ്യമല്ല. കേരളത്തിലെ ഒട്ടെല്ലാ ഗ്രാമങ്ങളിലും നിലനിന്നിരുന്ന സാമൂഹിക ഭേദബോധവും ഉച്ചനീചത്വങ്ങളും ഈ ഗ്രാമത്തിനും അന്യമായിരുന്നില്ല. ഒരുഭാഗത്ത് സ്വാതന്ത്ര്യത്തിന്റേയും ജന്‍മിയുടേയും ആശയങ്ങളും, മറുഭാഗത്ത് അവയുടെ നീചമായ നിഴല്‍ പോലെ അയിത്തം തുടങ്ങിയ തിന്‍മകളും ഒക്കെ ചേര്‍ന്ന സാമൂഹ്യാന്തരീക്ഷമായിരുന്നു ഇവിടെ നിലിന്നിരുന്നത്. പ്രേംജിയും എം.ആര്‍.ബിയും കേരളനും വടക്കേക്കാട് മുല്ലമംഗലത്താണ് ജനിച്ചത്. വി.ടി.ഭട്ടതിരിപ്പാട്, കുട്ടികൃഷ്ണമാരാര്‍ നാലാപ്പാടന്‍ എന്നിവരുടെയെല്ലാം സംവാദകേന്ദ്രം കൂടിയായിരുന്നു മുല്ലമംഗലം. നമ്പൂതിരി സമുദായത്തില്‍നിന്ന് ആദ്യമായി പത്താം ക്ലാസ് പരീക്ഷ ജയിച്ച വനിതയായ പ്രിയദത്ത വടക്കേക്കാട് മുല്ലമംഗലത്താണ് ജനിച്ചത്. പില്‍ക്കാലത്ത് അനേകം രാഷ്ട്രീയസാമൂഹികസംഘടനയില്‍ അംഗമായ ഇവര്‍ പാലിയം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് പോലീസ്മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്. ഇന്നത്തെ വടക്കേക്കാട് പഞ്ചായത്ത് ഉള്‍പ്പെടുന്ന പ്രദേശം മുമ്പ് വടക്കേക്കാട് പഞ്ചായത്തും, വൈലത്തൂര്‍ പഞ്ചായത്തുമായി വിഭജിക്കപ്പെട്ടുകിടക്കുകയായിരുന്നു. വടക്കേക്കാട് പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് എ.മുഹമ്മദ് ആയിരുന്നു. ഇന്നത്തെ രൂപത്തിലുള്ള പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റായി 1963-ല്‍ കൊടമന നാരായണന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇവിടെയുള്ള മണികണ്ഠേശ്വരം ക്ഷേത്രം തെക്കന്‍ കാശി എന്ന പേരില്‍ പ്രസിദ്ധമാണ്. ഈ ക്ഷേത്രപരിസരത്തുള്ള ഒരു ഗൃഹത്തില്‍ കേരളത്തിന്റെ മഹാകവി വള്ളത്തോള്‍ ഒരു വ്യാഴവട്ടകാലത്തിലേറെ കാലം തങ്ങിയിരുന്നു. ഒരു കാലഘട്ടത്തിന്റെ കഥപറയുന്ന ചരിത്രഗന്ധമുള്ള പാട്ടബാക്കി എന്ന നാടകത്തിന് അരങ്ങും അണിയറയും ഒരുങ്ങിയത് വൈലത്തൂര്‍ കടലായിമനയിലായിരുന്നു. അഭിനയമികവിന് ഭരത് അവാര്‍ഡ് നേടിയ ഭരത് പ്രേംജിയും പാലിയം സത്യാഗ്രത്തില്‍ പങ്കെടുത്ത പ്രിയദത്തയും ജനിച്ചുവളര്‍ന്നതാണ് വടക്കേകാട് വൈലേരി പീടികക്കടുത്തുള്ള മുല്ലമംഗലം മന. പ്രസ്തുതമനയിലേക്കായിരുന്നു വിധവാവിവാഹത്തിലൂടെ കേരളത്തിന്റെ സാമൂഹ്യരംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ആര്യാ അന്തര്‍ജനം എം.ആര്‍.ബി യുടെ ഭാര്യയായി കടന്നുവന്നത്.